ജനീവ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ പടർന്നുപിടിക്കുന്ന എബോള വൈറസ് ബാധ അങ്ങേയറ്റം ആശങ്കാജനകമാണെന്ന് ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ഔദ്യോഗികമായി സ്ഥിരീകരിച്ച കണക്കുകളേക്കാൾ എത്രയോ മടങ്ങ് വലുതാണ് യാഥാർത്ഥ്യത്തിലുള്ള രോഗവ്യാപനമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സാഹചര്യം വിലയിരുത്തി കോംഗോയിലെ ദേശീയതലത്തിലുള്ള അപകടസാധ്യത 'വളരെ ഉയർന്നത്' എന്ന വിഭാഗത്തിലേക്ക് ലോകാരോഗ്യ സംഘടന പുതുക്കി നിശ്ചയിച്ചു.
അതേസമയം, നിലവിൽ ഇന്ത്യയടക്കമുള്ള ആഗോളതലത്തിൽ എബോള ഭീഷണി 'കുറഞ്ഞ' നിരക്കിലാണെന്നും എന്നാൽ മുൻകരുതലുകൾ അനിവാര്യമാണെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. കോംഗോയിൽ നിലവിൽ 82 എബോള കേസുകളും 7 മരണങ്ങളുമാണ് ലാബ് പരിശോധനയിലൂടെ സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാൽ ഇതിനോടകം 750 ഓളം സംശയാസ്പദമായ കേസുകളും 177 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തര സംഘർഷങ്ങളും സുരക്ഷാപ്രശ്നങ്ങളും കാരണം കൃത്യമായ പരിശോധനകൾ നടത്താൻ ആരോഗ്യപ്രവർത്തകർക്ക് സാധിക്കാത്തതാണ് യഥാർത്ഥ കണക്കുകൾ പുറത്തുവരാൻ തടസം.
മുൻപ് പലപ്പോഴും എബോള പടർത്തിയിരുന്ന 'സയർ' വകഭേദത്തിന് എതിരെ ഫലപ്രദമായ വാക്സിനുകൾ ലഭ്യമായിരുന്നു. എന്നാൽ ഇപ്പോൾ കോംഗോയിൽ പടരുന്നത് 'ബുന്ദിബുഗ്യോ' എന്ന അപൂർവ്വ വൈറസ് വകഭേദമാണ്. ഇതിന് നിലവിൽ അംഗീകൃത വാക്സിനുകളോ പ്രത്യേക ചികിത്സയോ ലഭ്യമല്ല എന്നത് ആശങ്ക ഇരട്ടിയാക്കുന്നു. ചരിത്രത്തിൽ മൂന്നാം തവണ മാത്രമാണ് ഈ വകഭേദം പടരുന്നത്. ഈ പുതിയ വകഭേദത്തിന് എതിരെ രണ്ട് മോണോക്ലോണൽ ആന്റിബോഡികളും 'ഒബെൽഡെസിവിർ' എന്ന ഒരു ആന്റിവൈറൽ മരുന്നും പ്രാഥമികമായി ഫലപ്രാപ്തി കാണിക്കുന്നുണ്ടെന്നും ഇവയുടെ ക്ലിനിക്കൽ ട്രയലുകൾ വേഗത്തിലാക്കാൻ നിർദ്ദേശിച്ചതായും ഡബ്ല്യുഎച്ച്ഒ ചീഫ് സയന്റിസ്റ്റ് അറിയിച്ചു.
കോംഗോയിൽ സേവനമനുഷ്ഠിച്ചിരുന്ന ഒരു അമേരിക്കൻ പൗരന് എബോള സ്ഥിരീകരിച്ചതിനെ തുടർന്ന് ജർമനിയിലേക്ക് മാറ്റിയിട്ടുണ്ട്. രോഗബാധിതരുമായി സമ്പർക്കത്തിലുണ്ടായിരുന്ന മറ്റൊരു അമേരിക്കക്കാരനെ ചെക്ക് റിപ്പബ്ലിക്കിലും നിരീക്ഷണത്തിലാക്കി. അയൽരാജ്യമായ ഉഗാണ്ടയിൽ നിലവിൽ സാഹചര്യം നിയന്ത്രണവിധേയമാണ്.കോംഗോയിലെ എബോള ഭീതിയുടെ പശ്ചാത്തലത്തിൽ, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം കൊച്ചി നെടുമ്പാശ്ശേരി ഉൾപ്പെടെയുള്ള രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കായി കർശന നിരീക്ഷണവും മുൻകരുതലുകളും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.